Tuesday, May 12, 2009

ജയ് കുണ്ഡലിക!

ജയ് കുണ്ഡലിക!
(ഫോട്ടോയ്ക്ക് കടപ്പാട്: വന്ദന)

കുണ്ഡലികാനദിയിലൂടെ തെന്നിത്തെറിച്ച് പായുമ്പോള്‍ ആര്‍ത്ത്‌വിളിച്ചുപോവും, ജയ് കുണ്ഡലിക എന്ന്. കഴിഞ്ഞ മെയ്‌മാസത്തിലാണ് കുണ്ഡലികയില്‍ rafting ചെയ്തത്. അതിന്റെ ഫോട്ടോ അധികം ഒന്നും ഇല്ലാത്തതിനാല്‍ എഴുതാതിരിക്കുകയായിരുന്നു. ഇക്കഴിഞ്ഞ ഞായറാഴ്ച rafting ചെയ്യുന്ന ടീമിനെ പിന്തുടര്‍ന്ന് അവിടെ പോയി കുറെ ഫോട്ടോകളെടുത്ത്, കുണ്ഡലികയില്‍ കുളിച്ച് തിരിച്ചുവന്നപ്പോള്‍ പോസ്റ്റിടാനുള്ള പടങ്ങള്‍ കിട്ടി.

മുംബൈ-ഗോവ ഹൈവേയില്‍, മുംബൈയില്‍ നിന്ന് ഏകദേശം 120 km അകലെയാണ് കോലാഡ്. കോലാഡില്‍ നിന്ന് പൂണെയ്ക്കുള്ള റോഡില്‍ 8 km പോയാല്‍ സൂതര്‍വാഡിയിലെത്തും. അവിടുന്ന് വീണ്ടും 8 km ഉള്ളിലുള്ള ഷാജെ എന്ന ഗ്രാമത്തിലാണ് rafting തുടങ്ങുന്നത്. മുല്‍‌ഷി ഡാമില്‍ നിന്നും ഭിരാ ഡാമില്‍ നിന്നുമുള്ള വെള്ളം കുണ്ഡലികയിലേയ്ക്ക് തുറന്നുവിടുമ്പോഴാണ് rafting ചെയ്യാന്‍ പറ്റുക. നദിയിലുള്ള പാറക്കെട്ടുകളിലൂടെ വെള്ളം ഒഴുകുമ്പോള്‍ rapids ഉണ്ടാവും. Rapids ഒന്ന് മുതല്‍ ആറ് വരെയുള്ള ഗ്രേഡുകളായി തരം തിരിച്ചിട്ടുണ്ട്.

Grade I: Small, easy waves; mainly flat water
Grade II: Mainly clear passages; some areas of difficulty
Grade III: Difficult passages; narrow in places and with high waves
Grade IV: Very difficult, narrow and requiring precise manoeuvring
Grade V: Extremely difficult. Very fast-flowing waters, which can be manoeuvred only by experts
Grade VI: For all practical purposes, unmanageable - even suicidal

കുണ്ഡലികയില്‍ ഏകദേശം 12 km ദൂരത്തില്‍ rafting ചെയ്യാന് പറ്റും. രണ്ടര മണിക്കൂറെടുക്കും. ഈ റൂട്ടില്‍ ഗ്രേഡ് മൂന്നും നാലും rapids ഉണ്ട്. രാവിലെ ഒമ്പതരയ്ക്കും പത്തിനുമിടയ്ക്കാണ് സാധാരണ ഡാം തുറക്കുക. ഉച്ചയ്ക്ക് ശേഷവും തുറക്കുമെന്ന് തോന്നുന്നു. ഒമ്പതുമണിക്ക് അവിടെയെത്താന്‍ വേണ്ടി വെളുപ്പിനെ അഞ്ച് മണിക്ക് പുറപ്പെട്ടു. രാവിലത്തെ ഭക്ഷണം സമയക്കുറവ് കൊണ്ട് ബസിലിരുന്ന് തന്നെ കഴിച്ചു.

Wild River Adventures എന്ന കമ്പനി ആണ് ഇവിടെ rafting നടത്തുന്നത്. ഒരു റാഫ്റ്റില്‍ ഗൈഡിനെക്കൂടാതെ എട്ടുപേര്‍ക്കിരിക്കാം. പത്തുപേര്‍ക്ക് പോകാവുന്ന റാഫ്റ്റും ഉണ്ട്. അതിന് ഭാരം കൂടുതലായതുകൊണ്ട് അത്ര ത്രില്ലിങ്ങ് അല്ല. തിരകളെടുത്തിട്ട് അമ്മാനമാടുമ്പൊഴല്ലേ അതിന്റെ ഒരു രസം.


സുരക്ഷോപകരണങ്ങള്‍

ലൈഫ് ജാക്കറ്റും ഹെല്‍മറ്റും ധരിച്ചേ rafting ചെയ്യാന്‍ അനുവദിക്കൂ. വെള്ളത്തില്‍ വീണാലും മുങ്ങിപ്പോവാതിരിക്കാനും തല പാറക്കല്ലിലിടിക്കാതിരിക്കാനും ഇത് രണ്ടും അത്യാവശ്യമാണ്. തുടങ്ങുന്നതിന് മുന്‍പ് കുറേ നിര്‍‌ദ്ദേശങ്ങള്‍ തരും.

റിവര്‍ ഗൈഡുകള്‍

ആരെങ്കിലും വെള്ളത്തില്‍ വീണാല്‍, റാഫ്റ്റിന്റെ അടുത്തെങ്ങാനുമാണെങ്കില്‍ കയറിട്ടുതന്ന് രക്ഷിക്കാം. അകലേയ്ക്ക് ഒഴുകിപ്പോയെങ്കില്‍ kayak ആണ് രക്ഷിക്കാന്‍ വരിക. ഒരു rescue kayak എപ്പോഴും റാഫ്റ്റുകളുടെ കൂടെയുണ്ടാവും. കയാക്കിന് വേഗം സഞ്ചരിക്കാനാവും.

രക്ഷിക്കാന്‍ കയാക്ക് വന്നാല്‍ എങ്ങനെ അതില്‍ പിടിച്ച് കിടക്കണമെന്ന് കാണിച്ചുതരുന്നു

പടവെട്ടാന്‍ തയ്യാറായി ആസിഫ്

Nature Knights team all set for rafting

കരയിലിരുന്ന് എല്ലാ നിര്‍ദ്ദേശങ്ങളുമനുസരിച്ച് ഒരു റിഹേഴ്സലും നടത്തും.

Dry run

എന്നിട്ട് റാഫ്റ്റ് തള്ളി വെള്ളത്തിലിറക്കും. നനയാനുള്ള മടി മാറാനായി ഗൈഡ് ആദ്യം തന്നെ എല്ലാരുടെയും മേല്‍ കുറേ വെള്ളം കോരിയൊഴിക്കും.

ഡാമില്‍ നിന്ന് വെള്ളം വരുമ്പോള്‍ ഇവിടെയുള്ള ജലനിരപ്പും കൂടും

കുറച്ച് മുന്നോട്ട് പോവുമ്പോഴാണ് ഡാമില്‍ നിന്നുള്ള വെള്ളം വരുന്നയിടത്ത് എത്തുക. അങ്ങോട്ട് തുഴഞ്ഞ് പോണം. അവിടുന്നാണ് rapids തുടങ്ങുക.

Rapids-ന് തൊട്ടുമുന്‍പ്

Rapids-ലേയ്ക്കിറങ്ങിക്കഴിഞ്ഞു

അങ്ങോട്ട് കേറിക്കഴിഞ്ഞാല്‍ വളരെ വേഗത്തില്‍ പോവും. ഗൈഡിന്റെ നിര്‍ദ്ദേശങ്ങളനുസരിച്ച് തുഴയുകയും, നല്ലവണ്ണം പിടിച്ചിരിക്കുകയും, റാഫ്റ്റിന്റെ ഉള്ളിലിറങ്ങിയിരിക്കുകയും ഒക്കെ വേണം. റാഫ്റ്റിന്റെ വക്കത്തിരുന്നാണ് തുഴയുന്നത്. ഞങ്ങളുടെ റാഫ്റ്റിലുണ്ടായിരുന്ന ജ്യോതിയുടെ അമ്മായിയച്ഛന്, പ്രായമായതുകൊണ്ടാവും, തുഴയാന്‍ ധൈര്യം കിട്ടിയില്ല. അതുകൊണ്ട് അദ്ദേഹത്തോട് റാഫ്റ്റിന്റെ മുന്നില്‍ നല്ലവണ്ണം പിടിച്ചിരുന്നോളാന്‍ ഗൈഡ് പറഞ്ഞു. ഒന്‍പത് പേരുള്ള റാഫ്റ്റില്‍ എട്ടുപേര്‍ തുഴഞ്ഞാലും മതി.

വലത് വശത്തൂന്നാണ് ഡാമില്‍നിന്നുള്ള വെള്ളം വരുന്നത്. ഓളങ്ങളില്ലാത്ത ഇടതുവശത്തൂന്നാണ് റാഫ്റ്റുകള്‍ വെള്ളത്തിലേയ്ക്കിറങ്ങുന്നത്.

ഗ്രേഡ് നാല് റാപ്പിഡുകളില്‍ക്കൂടി പോവുമ്പോഴാണ് കൂടുതല്‍ ത്രില്ല്. ആര്‍ത്തലച്ച് പാറക്കെട്ടുകള്‍ക്ക് മുകളിലൂടെ ഒഴുകുന്ന വെള്ളത്തില്‍ റാഫ്റ്റ് പൊങ്ങിയും താണും പായുമ്പോള്‍ തെറിച്ച് വെള്ളത്തില്‍ വീഴാനുള്ള സാദ്ധ്യത കൂടുതലാണ്. ആ സമയത്ത് റാഫ്റ്റിന്റെ ഉള്ളിലിറങ്ങിയിരിക്കണം. വെള്ളത്തില്‍ വീണാല്‍ നീന്തലറിയാമെങ്കിലും നീന്താന്‍ പാടില്ല. നീന്താന്‍ സാധിക്കില്ലാന്ന് തന്നെ പറയാം. പരിഭ്രമിക്കാതെ, കൈകള്‍ വിരിച്ച് മലര്‍ന്ന് കിടക്കണം. ലൈഫ് ജാക്കറ്റുള്ളതുകൊണ്ട് മുങ്ങിപ്പോവില്ല. റാഫ്റ്റില്‍ നിന്ന് കയറിട്ടുതന്നോ, റെസ്ക്യൂ കയാക്ക് വന്നിട്ടോ രക്ഷിക്കും വരെ അങ്ങനെ മലര്‍ന്ന് കിടന്ന് പ്രാര്‍ത്ഥിക്കണം.

മോട്ടര്‍ പിടിപ്പിച്ച റെസ്ക്യൂ റാഫ്റ്റില്‍ പരിശീലനം നടത്തുന്നു

ഇങ്ങനെ അഭ്യാസങ്ങളെല്ലാം കഴിഞ്ഞ് കുറച്ച് ശാന്തമായ ഒരിടത്തെത്തി കരയ്കടുപ്പിക്കും. കുറച്ച് വിശ്രമം. അവിടെ കരയോടടുത്ത് വെള്ളത്തിലിറങ്ങിയിരിക്കാം. പിന്നെയുള്ള ദൂരം കൂടുതലും ശാന്തമാണ്. മറ്റ് റാഫ്റ്റുകളുമായി തമാശയ്ക്ക് കൂട്ടിയിടിക്കാനും, സ്വന്തം റാഫ്റ്റ് മറിച്ചിട്ടിട്ട് അതിന്റെ മുകളില്‍ കയറിയിരിക്കാനുമൊക്കെ പറ്റും. അതുകഴിഞ്ഞ് തീര്‍ത്തും ശാന്തമായി ഒഴുകുന്നിടത്ത് എല്ലാരെയും വെള്ളത്തിലിറക്കും. മലര്‍ന്ന് കിടന്നോ കുത്തനെ നിന്നോ ഒഴുകി പോവാം. നീന്താന്‍ പാടില്ല.

വെള്ളത്തില്‍ ഒഴുകിയൊഴുകി...
(പോനാല്‍ പോകട്ടും പോടാ എന്ന് വിചാരിച്ച് ജ്ഞാനേഷ് ക്യാമറ കൊണ്ട് വന്ന് എടുത്ത ഫോട്ടോകളിലൊന്ന്)


ഏകദേശം രണ്ട് കിലോമീറ്ററോളം അങ്ങനെ പോവാം. പിന്നെ വീണ്ടും റാഫ്റ്റില്‍ കയറി ഫിനിഷിങ്ങ് പോയിന്റിലേയ്ക്ക്.

തിരിച്ച് കരയിലേയ്ക്ക്

റാഫ്റ്റുകളുടെ മടക്കം

മുഴുവന്‍ നനഞ്ഞ് കുതിരുന്നതുകൊണ്ട് ഒരു സാധനവും, പ്രത്യേകിച്ച് ക്യാമറ, മൊബൈല്‍, കൂടെ കൊണ്ടുപോവാന്‍ പറ്റില്ല. കരയില്‍ നില്‍ക്കുന്നവര്‍ക്ക് തുടക്കത്തിലും ഒടുക്കത്തിലും ഫോട്ടോ എടുക്കാന്‍ പറ്റും. മിനിഞ്ഞാന്ന് പോയപ്പോള്‍ ഞങ്ങള്‍ റാഫ്റ്റിങ്ങ് ചെയ്യാത്തതുകൊണ്ട് കുറെ ഫോട്ടോ എടുക്കാന്‍ പറ്റി. ഡാം തുറന്ന് വിട്ട് ഏകദേശം ഒരുമണിക്കൂര്‍ കഴിയുമ്പോള്‍ വെള്ളത്തിന്റെ ഒഴുക്ക് കുറഞ്ഞുതുടങ്ങും. ആ സമയത്ത് ഞങ്ങള്‍ വെള്ളത്തിലിറങ്ങി.


നല്ല തെളിഞ്ഞ വെള്ളത്തില്‍ പാറകള്‍ക്കിടയില്‍ കിടക്കാന്‍ നല്ല രസം. അപ്പോഴെങ്ങാനും ഡാം തുറന്ന് വിട്ടാല്‍ ഞങ്ങള്‍ ആരുടെയെങ്കിലും പൈപ്പിലൂടെയാവും പുറത്ത് വരിക.

വെള്ളമൊഴുകിത്തീര്‍ന്നപ്പോള്‍

മുംബൈയിലുള്ള ആരെങ്കിലും ഇത് വായിച്ചിട്ട് കുണ്ഡലികയില്‍ rafting ചെയ്യണം എന്ന് തോന്നുന്നുവെങ്കില്‍ http://www.natureknights.com/-ലെ Upcoming Events-ല്‍ പോയി നോക്കാം. May 24, June 7, June 21 എന്നീ തീയതികളിലും rafting പ്ലാന്‍ ചെയ്തിട്ടുണ്ട്.

  © Blogger template 'External' by Ourblogtemplates.com 2008

Back to TOP