Tuesday, August 18, 2009

മൂന്നില്‍ മൂന്നാമത്

ഇന്നലെ റിസള്‍ട്ട് വന്നത് ചിലരെങ്കിലും അറിഞ്ഞുകാണുമല്ലോ. 29 പോയിന്റോടെ ഞങ്ങള്‍ മൂന്നാമതായിപ്പോയി. 4 പോയിന്റിന് ഒന്നാം സ്ഥാനം പോയി. ഇത്തിരി സങ്കടമുണ്ട്. ഈ യാത്ര ചെയ്യാന്‍ പറ്റിയതിന്റെ സന്തോഷം അതിന്റെ മുകളില്‍ നില്‍ക്കുന്നു.

തുടക്കം മുതല്‍ കൂടെ നിന്ന് പ്രോത്സാഹിപ്പിച്ച എല്ലാ ബൂലോകര്‍ക്കും എന്റെയും ഉണ്ണിയുടെയും ഹൃദയം നിറഞ്ഞ നന്ദി അറിയിക്കുന്നു.


Great Driving Challenge ഒരു വാര്‍ഷിക പരിപാടി ആക്കാനാണ് തീരുമാനം. Format കുറച്ച് മാറ്റമുണ്ടാവും. ബൂലോകരിലാരെങ്കിലും പങ്കെടുത്താല്‍ ഞങ്ങളുടെ പൂര്‍ണ്ണ പിന്തുണ ഉറപ്പ്.


രണ്ടാഴ്‌ചയ്ക്ക് ശേഷം വീട്ടിലെത്തിയപ്പോള്‍ പിടിപ്പത് പണി – രണ്ടാഴ്‌ചത്തെ വിഴുപ്പലക്കണം, അത്രയും നാളുകൊണ്ട് വീട് സ്വന്തമാ‍ക്കിയ പൊടിയേയും മാറാലയേയും പുറത്താക്കണം, പ്രാവുകള്‍ കയ്യേറിയ ജനല്‍‌പ്പടികള്‍ തിരിച്ചുപിടിക്കണം. പുതിയ കുറേയേറെ പോസ്റ്റുകള്‍ വായിക്കാന്‍ കഴിഞ്ഞിട്ടില്ല. അതും ചെയ്യണം.

അതുകൊണ്ട് തത്കാലം ഞാന്‍ പോയി എന്റെ പണി നോക്കട്ടെ. :-)

Friday, August 7, 2009

മൂന്നിലൊന്നായി, ഇനി ....

മൂന്നു ദിവസത്തെ രസകരമായ ഓഡിഷന് ശേഷം ഞങ്ങള്‍ Great Driving Challenge-ന്റെ ആദ്യത്തെ മൂന്നുപേരിലൊന്നായി. ഇനി 10 ദിവസത്തെ യാത്ര - ഒരു ചുവന്ന Cedia Sports-ല്‍. മഹാരാഷ്ട, കര്‍ണാടക, കേരളം, ഗോവ സംസ്ഥാനങ്ങളിലൂടെ. പുറകെ ഒരു ക്യാമറ ടീമും വരുന്നുണ്ട്. ഞങ്ങള്‍ വല്ല തരികിടയും ചെയ്യുന്നുണ്ടോന്ന് അറിയാനാവും. :-)

ദിവസം മൂന്ന് പ്രാവശ്യം അവര്‍ ഞങ്ങളുടെ യാത്രയുടെ വീഡിയോ അപ്‌ലോഡ് ചെയ്യും. ഇവിടെ കാണാം - http://www.greatdrivingchallenge.com/bloghome.

കൂടാതെ ഞങ്ങളും ബ്ലോഗ് - http://www.greatdrivingchallenge.com/ee/index.php/nomines/blog/unny-bindhu/ അപ്‌ഡേറ്റ് ചെയ്തുകൊണ്ടിരിക്കും. ബൂലോകത്തെ കൂട്ടുകാരെല്ലാം അത് വായിച്ച് കമന്റിടുകയും പിന്നെ മുന്‍പ് പറഞ്ഞ പോലെ ഫോളോവറാവുകയും മറ്റും ചെയ്യണേ. ഇപ്രാവശ്യം ഫാന്‍സും പിന്നെ വോട്ടിങ്ങും വേറെ ഉണ്ടെന്ന് പറയുന്നു. ഇതെല്ലാംകൂടി നോക്കീട്ടാണ് വിജയിയെ കണ്ടെത്തുന്നത്.

മുന്‍പ് ഫോളോവറായവര്‍ വീണ്ടും ആവണ്ട. പക്ഷെ, ഫാനാവാന്‍ വേറെ ഒരു ലിങ്കില്‍ ക്ലിക്ക് ചെയ്യണമെന്ന് തോന്നുന്നു. ശരിക്ക് മനസ്സിലായില്ല. ഇപ്പോ പുറപ്പെടുകയാണ്. ഇനി മലയാളം ടൈപ്പ് ചെയ്യാന്‍ പറ്റുമോന്നറിയില്ല.

എല്ലാരുടെയും ആശംസകള്‍ പ്രതീക്ഷിച്ചുകൊണ്ട്...

Saturday, August 1, 2009

മഴയത്ത് പറന്ന പെങ്ങള്‍

മഴ തകര്‍ത്ത് പെയ്യുന്നു. കടലാകെ ഇളകിമറിയുന്നത് ജനലില്‍ക്കൂടി കാണാം. തിരകള്‍‌ക്കെന്തൊരുയരം! ഓരോ തിര അടിക്കുമ്പോഴും കെട്ടിടം കുലുങ്ങുന്നു. എന്നാലും പേടിക്കാനില്ല. നാലരക്കോടി കൊടുത്ത് വാങ്ങിയ ഫ്ലാറ്റാ, നല്ല ഉറപ്പുണ്ടാവണം. ഇങ്ങനെ നനയാതെ സുരക്ഷിതമായി നിന്ന് മഴ കാണാന്‍ എന്ത് രസമാണ്. മഴ നനയാന്‍ പണ്ടേ മടിയാണ്.

ഇരുപത്തഞ്ച് കൊല്ലം മുന്‍പ്. ഒരു പത്തുവയസ്സുകാരന്‍ സ്കൂളില്‍ പോകുന്നു. മുന്നേ അച്ഛനും അനിയത്തിയും. പാടവരമ്പത്തൂടെ കുറെ നടക്കണം റോഡിലെത്താന്‍. അവിടുന്ന് പത്ത് മിനിറ്റ് മതി സ്കൂളിലേയ്ക്ക്. മഴയുടെ കൂടെ നല്ല കാറ്റുണ്ട്. കുടയുണ്ടായിട്ടും ഉടുപ്പൊക്കെ നനഞ്ഞു. കുട മടങ്ങാതിരുന്നാല്‍ മതിയായിരുന്നു.

ദാ, അനിയത്തിയുടെ കുട പറക്കുന്നു. കൂടെ അവളും. “അച്ഛാ, മീര അതാ പറക്കുന്നു.” അച്ഛന്‍ തിരിഞ്ഞുനോക്കിയപ്പോഴേയ്ക്കും അവള്‍ വീണു, പാടത്തേയ്ക്ക്. സ്വതവേ ദേഷ്യക്കാരനായ അച്ഛന്‍ ഓടിവന്ന് ഒറ്റയടി. “വീഴുമ്പോഴാണോടാ പറക്കുന്നൂന്ന് പറയുന്നത്?” അവനും വീണു, പാടത്തേയ്ക്ക്.

അവന് സങ്കടം സഹിക്കാനായില്ല. കരച്ചില്‍ ഒതുക്കാന്‍ ശ്രമിച്ചിട്ടും തികട്ടി വരുന്നു. എന്നിട്ടും അവന്‍ ആലോചിച്ചു എന്തിനാ കരയുന്നത്? തല്ലുകൊണ്ടതുകൊണ്ടോ? വീണതുകൊണ്ടോ? ഒന്നുമല്ല. മെലിഞ്ഞിരിക്കുന്ന അനിയത്തിയെ, “ഒരു നല്ല കാറ്റ് വന്നാല്‍ നീ പറന്നുപോവും,“ എന്ന് കളിയാക്കിയ നാവിനെ ഓര്‍ത്ത്!

  © Blogger template 'External' by Ourblogtemplates.com 2008

Back to TOP