Wednesday, November 2, 2011

സ്വപ്നം


മഴവെള്ളം വന്ന് തൊട്ട് വിളിച്ചപ്പോൾ നീണ്ട ഉറക്കം അവൾ മതിയാക്കി. തല നിവർത്ത്, കൈകാലുകൾ നീട്ടി പുറത്തേയ്ക്കൊന്നെത്തിനോക്കി. ഇരുട്ടിനെ പുണർന്ന് കിടന്ന് ശീലിച്ചതുകൊണ്ട് വെളിച്ചം അസഹ്യമായി തോന്നി. പക്ഷെ താ‍ൻ സ്വപ്നങ്ങളിൽ കണ്ട സ്വർഗം ഒരു മൺ‌കട്ട അകലത്തിലെന്ന് കണ്ട് അവൾ കണ്ണടച്ചുകൊണ്ട് പുറത്തുവന്നു.

പതിയെ കണ്ണുതുറന്നു. ഭൂമി! പച്ചപ്പ് നിറഞ്ഞ, നൂറായിരം നിറങ്ങളിലുള്ള പൂക്കളാൽ അലംകൃതമായ മനോഹരമായ സ്ഥലം! ആ ഭൂമിയുടെ ഭംഗിയിൽ ഒരു ഭാഗമാകുവാൻ ഭാഗ്യം കിട്ടിയതിൽ അവൾ ദൈവത്തോട് നന്ദി പറഞ്ഞു. ഇനി ഞാനും പൂക്കൾ നിറഞ്ഞ്, കാറ്റിൽ ചാഞ്ചാടി, ചിത്രശലഭങ്ങൾക്ക് തേൻ പകർന്ന് … അവൾക്ക് ഓർത്തപ്പോൾ തന്നെ കുളിര് കോരി. നെറുകയിൽ വന്ന് ഉമ്മ വെച്ച മഴത്തുള്ളി മേനിയും കുളിർപ്പിച്ചു.

അവൾ ഉത്സാഹത്തോടെ വളർന്നു. ആവോളം മഴവെള്ളം കുടിച്ച് തളിരിലകൾ വേഗം തഴച്ചു. താഴേയ്ക്ക് പടർന്ന വേരുകൾ മണ്ണിൽ നിന്ന് പകർന്നുകൊടുത്ത പോഷകാഹാരമൊക്കെ കഴിച്ച് അവൾ മൊട്ടിടാൻ തുടങ്ങി. പൂവണിയാനുള്ള വെമ്പലായിരുന്നു പിന്നെ.

“ഈ കാട്ടുചെടിയൊന്നും ഇവിടെ വേണ്ട. വല്ല പാമ്പോ പഴുതാരയോ കേറിയിരുന്നാൽ അറിയില്ല. ഇതെല്ലാം പിഴുത് ആ തെങ്ങിൻ‌ചോട്ടിലേയ്ക്കിട്.”

ഒരു കൈ നീണ്ട് വന്ന് അവളെ പിഴുതെറിയുമ്പോൾ, നിറയെ പൂവുകളുമായി കാറ്റിനോട് കിന്നാരം പറഞ്ഞ് നിൽക്കുന്ന സുന്ദരസ്വപ്നത്തെക്കുറിച്ച് അവൾ ഒരു പുൽ‌ച്ചാ‍ടിയോട് പറഞ്ഞുകൊണ്ടിരിക്കുകയായിരുന്നു.

  © Blogger template 'External' by Ourblogtemplates.com 2008

Back to TOP